ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

History

സാംസ്കാരിക ചരിത്രം 
സമ്പന്നമായ ഒരു സാസ്ക്കാരിക പാരമ്പര്യം കുഞ്ഞിമംഗലത്തിനുണ്ട്. പരമരും അഴിശ്ശിയും വര്‍ണ്ണിച്ച സമ്പദ് സമൃദ്ധമായ ഏഴിമലരാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു കാലത്ത് കുഞ്ഞിമംഗലം, കുന്നരു, രാമന്തളി പ്രദേശങ്ങള്‍ കുഞ്ഞിമംഗലത്തോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളായിരുന്നു. കുഞ്ഞിമംഗലവും കുന്നരുവും വേര്‍തിരിക്കുന്നത് പുതിയപുഴയാണ്. പേര് പോലെ അത് ഒരു കൈത്തോടായിരുന്നു. കുഞ്ഞിമംഗലനതിരൊട്ടൊഴുകുന്ന ചങ്കൂരിച്ചാല്‍ പുഴക്കുമുണ്ട് കഥ. പണ്ട് അത് ചീനക്കാരുടെ ഉരുവായ ചങ്ക് കടന്നുപോകാന്‍ നിര്‍മ്മിച്ച് ചാലായിരുന്നു. അങ്ങനെയാണ് ചങ്കൂര്ചാല്‍ എന്ന പേര്‍ വന്നത്. പട്ടണമായ പയ്യന്നൂരിനേയും കുഞ്ഞിമംഗലത്തേയും ചേര്‍ത്ത് പെരുമ്പപ്പാലം നിര്‍മ്മിച്ചത് 1958 ലാണ്. കുന്നുകളും താഴ്വരകളും പുഴകളും കൈത്തോടുകളും ഈ ഗ്രാമത്തിന് മനോഹാരിത നല്‍കുന്നു. കുഞ്ഞിമംഗലത്തെ റെയില്‍വെ സ്റ്റേഷന്റെ പേര് ഏഴിമല റെയില്‍വേ സ്റ്റേഷന്‍ എന്നാണ്. പെരുമ്പ പുഴക്കും പുന്നക്കടവിനും പാലം വരും മുമ്പേ ഏഴിമലയുടെ അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഇതായത് കൊണ്ടായിരിക്കാം അങ്ങനെ വന്നത്. പട്ടണത്തിന്റെ തിരക്ക് നമ്മുടെ ഗ്രാമത്തിലേക്കും എത്തിക്കഴിഞ്ഞു. ഇടവഴികളെല്ലാം നികത്തപ്പെട്ട് കൊണ്ടിരിക്കുന്നു. തരിശുഭൂമികളില്‍ കെട്ടിടങ്ങള്‍ ഉയരുന്നു. ജനസാന്ദ്രതയേറി വരുന്നതോടെ നാം പട്ടണവാസികളായി മാറ്റപ്പെടുകയാണ്. തമ്പുരാന്റെ അതിക്രമങ്ങള്‍ക്കെതിരെ തീജ്വാലയായ് മാറി തമ്പുരാനെ കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ച കുഞ്ഞിമംഗലത്തമ്മയാണ് ഈ നാടിന്റെ പരദേവത. പരശുരാമന്റെ തൃക്കൈ കൊണ്ട് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തൃപ്പാണിക്കര ശിവക്ഷേത്രം. കുഞ്ഞിമംഗലത്താറാട്ട് ഒരു കാലത്ത് ഇവിടുത്തെ പ്രധാനമായ ഉള്‍സവമായിരുന്നു. പള്ളിവയലിലാറാട്ട് എന്നാണ് ഇവിടുത്തുകാര്‍ പറയുക. വൈദികവിധി അനുസരിച്ച് പൂജ നടത്തുന്ന അമ്പലമാണ് കുറുവാട്ടമ്പലം, മഠത്തുംപടി ശ്രീ ഭൂതനാഥ ക്ഷേത്രം എന്നിവ എടനാട് ഉമാമഹേശ്വരക്ഷേത്രം എന്നിവ . എടനാട് ഉമാമഹേശ്വരക്ഷേത്രം അടുത്ത കാലത്ത് സ്ഥാപിച്ചതാണ്. മുമ്പ് ഇവിടെ ഒരു നെയ്യമൃത് മഠമാണ് ഇണ്ടായിരുന്നത്. പയ്യാവൂരിലേക്ക് നെയ്യമൃത് എഴുന്നള്ളിച്ച് പോകുന്നവര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രമായിരുന്നു ഇത്. ശിവചൈതന്യം കണ്ടതിനെ തുടര്‍ന്നാണത്രെ നിത്യപൂജനടക്കുന്ന അമ്പലമാക്കി പുനരുദ്ധരിച്ചത്. നിരവധി ക്ഷേത്രങ്ങളുടെ കേന്ദ്രമാണ് ഇവിടം. ദേശീയപാതയില്‍ തന്നെ തകര്‍ന്ന അമ്പലങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. നിരവധി തറവാടുകളില്‍ തെയ്യങ്ങളുണ്ട്. മാത്രാടന്‍ പുതിയവീട്ടില്‍ തറവാട്ടുകാര്‍ നടത്തിവന്ന തമ്മീര്‍പന്തല്‍ പഴയകാല വഴിയാത്രികര്‍ക്ക് വിശ്രമിക്കാന്‍ സമ്പാരവും തണല്‍മരവും ചുമട് താങ്ങിയും ഓര്‍മ്മ മാത്രമായി. നാത്തൂന്‍ പോരിന്റെ പേരില്‍ അറിഞ്ഞ് വീഴ്ത്തപ്പെട്ട തെയ്യമായി മാറിയ കടാങ്കോട്ട് മാക്കത്തിന്റെ ആരൂഡം കുഞ്ഞിമംഗലത്താണ്. നാനാദേശത്ത്നിന്നും ആയിരങ്ങള്‍ ഒത്തുചേരുന്ന കേന്ദ്രമാണ് ഇവിടം. അഞ്ചുദിവസം വിഷുവിളക്കിന് ഉള്‍സവമുള്ള പതിനായിരങ്ങള്‍ ഒത്തുചേരുന്ന ക്ഷേത്രമാണ് ശ്രീ.മല്ലിയോട്ട് പാലോട്ട് കാവ്. മല്‍സ്യവതാരമാണ് ഇവിടുത്തെ പാലോട്ട് ദൈവം. നൂറ്കണക്കിന് വെള്ളോട്ട് കുടകളുമായി അണിനിരക്കുന്ന കുടകിലുക്കം, നാല് ദിവസങ്ങളില്‍ നാല് വീട്ടുകാര്‍ നടത്തുന്ന കാഴ്ച വരവ്, കലാപരിപാടികള്‍ എന്നിവ ഒരു ഗ്രാമത്തിന്റെയാകെ ഉല്‍സവമായി മാറുന്നു. 60 കൊല്ലങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടന്ന എടനാട് തിരുവര്‍ക്കാട് ഭഗവതി ക്ഷേത്രം എടനാട് കണ്ണങ്ങാടിനോടനുബന്ധിച്ചാണ്. ഒന്നു കൂറെ നാല്‍പ്പത് (39) തെയ്യങ്ങളുള്ള ഈ ക്ഷേത്രം മണിയാണി സമുദായക്കാരുടെ ദേവാലയ ശൃംഖലയായ പതിനൊന്ന് കണ്ണങ്ങാടുകളില്‍ നാലാം സ്ഥാനത്താണ് എടനാട് കണ്ണങ്ങാട് ഭഗവതി ക്ഷേത്രം ധനുമാസത്തില്‍ ഒന്നിടവിട്ട വര്‍ഷമാണ് ഇവിടെ ഉല്‍സവം നടക്കുന്നത്. എഴുത്ത് വീട്, എടാട്ട് നാകം എന്നിവ ഇതിനോടനുബന്ധിച്ചിട്ടുണ്ട്. അണിക്കര പൂമാല ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം മകരത്തില്‍ ആണ്. കുഞ്ഞിമംഗലം, കുന്നരു ഊരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ആറ് സമുദായിമാരാണ് ഭരണം നടത്തുന്നത്. ഇവിടുത്തെ പൂരോല്‍സവത്തോട് അനുബന്ധിച്ചുള്ള പൂരക്കളിയും മറത്തുകളിലയും ഏറെ പ്രസിദ്ധമാണ്. തൃപ്പാണിക്കര ആശാരി സമുദായത്തിന്റെ നടത്തിപ്പിലുള്ള കക്കറ ഭഗവതി ക്ഷേത്രം, കുതിരുമ്മലിലെ ഗുളിയാങ്ങ ഭഗവതി ക്ഷേത്രം എന്നിവയും മണിയാണി സമുദായം നടത്തുന്ന താമരംകുളങ്ങരയിലെ പടിഞ്ഞാറത്തറ ക്ഷേത്രവും എടനാട് പുത്തലത്ത് ഭഗവതി ക്ഷേത്രവും പിലവില്‍ കീഴില്‍ ദേവസ്ഥാനവും തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ സമുദായങ്ങളുടേതായുണ്ട്. തെക്കുമ്പാട് പത്തില്ലം പുലയസമുദായത്തിന്റെ നടത്തിപ്പിലാണ്. തായ്പ്പരദേവതയാണ് പ്രധാന മൂര്‍ത്തി. ചെറാട്ട് കുന്നിന് കിഴക്ക് കേളംകുളങ്ങര ഭഗവതി ക്ഷേത്രം നമ്പ്യാര്‍ സമുദായക്കാരുടേതാണ്. പാലോട്ട് ദൈവം മല്ലിയോട്ടേക്കുള്ള യാത്രയില്‍ വിശ്രമിച്ചു എന്ന് വിശ്വസിക്കുന്ന പാണച്ചിറ തറവാട് കളരി പാണച്ചിറയിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ടംകുളങ്ങരയിലെ പൊങ്ങിലാട്ട് വല്ലാര്‍കുളങ്ങര ഭഗവതി ക്ഷേത്രം നായര്‍ സമുദായത്തിന്റെയും കുതിരുമ്മലിലെ മാന്യമംഗലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഉല്‍സവവും അനുബന്ധമായുള്ള കോല്‍ക്കിയും പ്രസിദ്ധമാണ്. തെരുവില്‍ അങ്ങാടിക്ക് സമീപമാണ് മതമൈത്രിക്ക് പേര്കേട്ട പുറത്തെരുവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ചാണത്തലയന്‍ തറവാട്ട്കാരായ മുസ്ലീം കാരണവരാണ് പൂരത്തിന് താംബൂലവും കളിയാട്ടത്തിന് പഞ്ചസാരയും കൊണ്ട് വരുന്നത്. ഇവിടെ പൂരത്തിന് എടനാട് കണ്ണങ്ങാട്ട് നിന്നാണ് പൂരക്കളി കളിക്കാനെത്തുന്നത്. കുട്ടിച്ചാത്തനും ഭൈരവനുമെല്ലാം കെട്ടിയാടുന്ന ക്ഷേത്രമാണ് കണ്ടംകുളങ്ങരയിലെ മുതുവടത്ത് കളരി. കുഞ്ഞിമംഗലത്തെ വീരചാമുണ്ഡി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ചിറക്കല്‍ രാജാവ് കൊണ്ടുവന്ന ശില്‍പ്പികളുമായി ബന്ധപ്പെട്ടാണ്. മൂശാരിക്കൊവ്വലിലെ വടക്കന്‍ കൊവ്വല്‍ ക്ഷേത്രം വടക്ക് നിന്ന് വന്നവരായ ശില്‍പ്പികളായതിനാലാണ് വടക്കന്‍ കൊവ്വലെന്നും വടക്കത്തി ഭഗവതിയെന്നും പേര് വന്നത്. ഉല്‍സവവും പൂരക്കളിയും മറ്റുമുള്ള ഗ്രാമം ശില്‍പ്പികളുടെ ഗ്രാമമായാണ് അറിയപ്പെടുന്നത്. കുഞ്ഞിമംഗലം തെരുവില്‍ ശാലീയസമുദായത്തിന്റെനടത്തിപ്പിലുള്ള ക്ഷേത്രമാണ് തെരു വേട്ടക്കൊരുമകന്‍ ക്ഷേത്രം. ചെണ്ടമെളത്തില്‍ പ്രഗല്‍ഭ്യം നേടിയവരാണ് ക്ഷേത്ര പ്രവര്‍ത്തകരില്‍ അധികവും. പടനായകനായ കതിവന്നൂര്‍ വീരന്റെ നിരവധി ആസ്ഥാനങ്ങള്‍ കുഞ്ഞിമംഗലത്തുണ്ട്. അധ.സ്ഥിതന്റെ മോചനത്തിനും ജാതിമേധാവിത്വത്തിനുമെതിരെ പൊരുതിയ പൊട്ടന്‍ തെയ്യവും ഒറ്റപ്പെട്ട ആരൂഡങ്ങളിലും അല്ലാതെയും കെട്ടിയാടുന്നു. ജനകീയ ദൈവമെന്ന് വിളിക്കുന്ന വിഗ്രഹമില്ലാത്ത് ഏത് കാലത്തും ഏത് സ്ഥലത്തും കെട്ടിയാടാന്‍ കഴിയുന്ന മുത്തപ്പന്‍ ദൈവത്തിന് എടാട്ട് തിരുത്തിയില്‍ മടപ്പുരയും ആണ്ടാകൊവ്വലിലും തെക്കുമ്പാട് റെയില്‍വെ പുറമ്പോക്കിലും പ്രധാന ക്ഷേത്രങ്ങളും കൂടാതെ കുഞ്ഞിമംഗലത്ത് പള്ളിയറകളും ഉണ്ട്. ക്ഷേത്രകലകളായ പൂരക്കളി എടനാട് കണ്ണങ്ങാട്ടും, മല്ലിയോട്ട് പാലോട്ട് കാവിലും, വടക്കന്‍ കൊവ്വലിലും, അണീക്കരയിലും പൂരോല്‍സവത്തിന്റെ ഭാഗമായി നടന്നു വരുന്നു. എണ്ണമറ്റ ക്ഷേത്രങ്ങള്‍ ഇനിയുമുണ്ട്. നിരവധി തറവാട്ടമ്പലങ്ങള്‍ സമുദായ പള്ളിയറകള്‍ അവയെല്ലാം അതാത് പ്രദേശത്തിന്റെ ജനകീയ ഉല്‍സവകേന്ദ്രങ്ങളാണ്. കുടുംബ ശ്രേയസ്സിനും, സന്താന സൗഭാഗ്യത്തിനും, രോഗവിമുക്തിക്കും, ധനധാന്യസമൃദ്ധിയും, വ്യാപാരവിജയത്തിനും കിടാങ്ങള്‍ക്കും, , കന്നുവകാലി പൈതങ്ങള്‍ക്കും ഗുണം വരാന്‍ തെയ്യം കെട്ടിയാടിക്കപ്പെടുന്നു ഹിന്ദുമത വിഭാഗത്തിനാണ് ഭൂരിപക്ഷമെങ്കിലും നമ്മുടെ ഗ്രാമത്തില്‍ മതസ്പര്‍ദ്ധയോ അസപ്രശ്യതയോ ഇല്ല. ഹിന്ദു വിഭാഗം കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്നത് മുസ്ലിം ജനതയാണ് കുഞ്ഞിമംഗലത്തിന്റെ ഏതാണ്ട് എല്ലാ പ്രദേശത്തും ഒറ്റപ്പെട്ടും കൂട്ടമായും ഇവര്‍ താമസിക്കുന്നു. നിരവധി മുസ്ലീം പള്ളികള്‍, മദ്രസകള്‍, മതപഠനകേന്ദ്രങ്ങള്‍ ഇതോടൊപ്പമുണ്ട്. എടനാട് ജമാ അത്ത് പള്ളി, കുഞ്ഞിമംഗലം ജമാഅത്ത് പള്ളി, കണ്ടംകുളങ്ങര, മൂശാരിക്കൊവ്വല്‍, അങ്ങാടി, കൊയപ്പാറ, കൊവ്വപ്പുറം, തലായി, തെക്കുമ്പാട് റെയില്‍വെ സ്റ്റേഷന്‍ പരിസരം, പുതിയ പുഴക്കര തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ വലുതും ചെറുതുമായ പള്ളികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയോടനുബന്ധമായി മദ്രസകളും പ്രവൃത്തിക്കുന്നു. അങ്ങാടി, കൊയപ്പാറ ഭാഗങ്ങളില്‍ മുസ്ലീം ജനത കൂട്ടമായി താമസിക്കുന്നു.ക്രിസ്തീയ മതവിഭാഗത്തില്‍പ്പെട്ടവര്‍ വ്യാപകമായി ഇല്ലെങ്കിലും നമ്മുടെ പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ അവര്‍ കൂട്ടമായും താമസിക്കുന്നു. പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടും താമസിക്കുന്നു. മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ചവരും ഏറെയുണ്ട്. എടനാട് കപ്പുച്ചിന്‍ പള്ളി, പറമ്പത്ത് മാര്‍ത്തോമ പള്ളി,സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, കൊവ്വപ്പുറം തുടങ്ങിയ ആരാധനാലയങ്ങള്‍ ഇവരുടേതായുണ്ട്. മതമൈത്രിക്ക് പേര് കേട്ട നാടാണ് നമ്മുടേത്. തെരുവിലെ നെയ്ത്തുകാരുടെയും വടക്കന്‍ കൊവ്വലിലെ ഓട്വാര്‍പ്പുകാരുടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റത് മുസ്ലിം കച്ചവടക്കാരായിരുന്നു. കുഞ്ഞിമംഗലത്തെ മുസ്ലിം പള്ളിക്ക് വേണ്ടുന്ന സ്ഥലം സൗജന്യമായി നല്‍കിയത് കൊളങ്ങരത്ത് വീട്ടുകാര്‍ എന്ന നായര്‍ തറവാട്ടുകാരായിരുന്നു. തെരു മുച്ചിലോട്ട് ഉല്‍സവവുമായി ബന്ധപ്പെട്ട് ചാണത്തലയന്‍ തറവാട്ടുകാരായ മുസ്ലിം കുടുംബങ്ങള്‍ക്ക് കാരണവര്‍ സ്ഥാനമുണ്ട്. മതങ്ങളുടെ അതില്‍ വരമ്പുകള്‍ ലംഘിച്ച് തെയ്യങ്ങള്‍ മാടായി നഗരേ എന്ന് അഭിസംബോധന ചെയ്ത് മുസ്ലീങ്ങള്‍ക്ക് കുറി നല്‍കിപ്പോരുന്നു. വിഭിന്ന മതങ്ങളില്‍പ്പെട്ടവര്‍ ഇടതിങ്ങി താമസിക്കുകയും പള്ളിയും അമ്പലവും സമദൂരം പാലിക്കുകയും ചെയ്തുകൊണ്ട് മതമൈത്രിക്ക് പേരുകേട്ട നാടായി കുഞ്ഞിമംഗലം ഉയര്‍ന്നു നില്‍ക്കുന്നു. ഉറി, മുറം, കുട്ട, കത്തി, ചിരവ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ കൂങ്കോട്ട്, കൈക്കോട്ട്, കലപ്പ തുടങ്ങിയ പണിയായുധങ്ങള്‍ എല്ലാം ഉണ്ടാക്കിയിരുന്നത് ഇവിടുത്തെ വിവധ വിഭാഗക്കാരായിരുന്നു. മച്ചിപ്പുറം എന്ന പേരിലാണ് ഇന്നത്തെ ആണ്ടാംകൊവ്വല്‍ അറിയപ്പെട്ടിരുന്നത്. ചൂത് മാച്ചിക്ക് ആവശ്യമായ ചൂത് സമൃദ്ധിയായി വിളയുന്ന പ്രദേശമായിരുന്നു. കുഞ്ഞിമംഗലം ഒരു കാലത്ത് സ്വയം സമ്പൂര്‍ണ്ണമായിരുന്നു. അധ്വാനശീലരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. ഓട്ടുപാത്രങ്ങള്‍ മൂശാരിക്കൊവ്വലില്‍ നിന്നും, മണ്‍പാത്രങ്ങള്‍ കൊയപ്പാറയില്‍ നിന്നും, ശാലിയ തെരുവില്‍ നിന്ന് വസ്ത്രങ്ങള്‍ക്കുള്ള തുണിയും പുരകെട്ടി മേയാനുള്ള പുല്ല് എടാട്ട് നിന്നും വരുമായിരുന്നു. കുഞ്ഞിമംഗലത്തെ ആദ്യത്തെ വ്യവസായമാണ് ചേനോളില്‍ തീപ്പെട്ടി കമ്പനി. ഇവിടുത്തെസ്ത്രീ തൊഴിലാളികളാണ് ആദ്യമായി സ്ത്രീകള്‍ പങ്കെടുക്കുന്ന പ്രകടനം നടത്തിയത്. പുതിയ കാലത്തെനയങ്ങള്‍ വ്യവസായങ്ങളുടെ പട്ടട തീര്‍ക്കുമ്പോള്‍ ചേനോളി മില്ല് അടച്ച് പൂട്ടപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളില്‍ ദിനേശ് ബീഡി വ്യവസായത്തിന്റെ ഒരു ബ്രാഞ്ച് നമ്മുടെ ഗ്രാമത്തിലുണ്ട്. ഇപ്പോള്‍ പ്രതിസന്ധിയിലകപ്പെട്ട് തകര്‍ച്ചയുടെ വക്കിലാണ്. കയര്‍ മേഖലയില്‍ ധാരാളം പേര്‍ തൊഴില്‍ ചെയ്തിരുന്നതാണ് എന്നാല്‍ ഇന്ന് അതും തകര്‍ച്ചയുടെ വക്കിലാണ്. കണ്ടംകുളങ്ങരയില്‍ കയര്‍ വ്യവസായ സഹകരണ സംഘം പ്രവൃത്തിക്കുന്നു. നിരവധി വീവേഴ്സ് സൊസൈറ്റികള്‍ പ്രതിസന്ധിയില്‍ തകര്‍ന്നുകൊണ്ടിരിക്കുകയമാണ്. നൂല്‍നൂല്‍പ്പ് നെയ്ത്ത് ജീവനക്കാര്‍ പട്ടിണിയിലായി കഴിഞ്ഞു. കുപ്പടം ഖാദി കേന്ദ്രങ്ങളില്‍ വലിയ ഭിഷണി നേരിട്ടുകൊണ്ടിരിക്കുന്നു. കുഞ്ഞിമംഗലതച്ത് മുള്ളിക്കോട്ടും അതിര്‍ത്തി ഗ്രാമഹ്ങളിലും മണ്‍പാത്ര നിര്‍മ്മാണത്തില്‍ വിദഗ്ധ തൊഴിലാളികള്‍ ഉണ്ട്. ഓട് വാര്‍പ്പ് വ്യവസായമാണ് കുഞ്ഞിമംഗലത്തിന് ലോക പ്രശസ്തി നേടിത്തരുന്നത്. ലക്ഷ്മി വിളക്കുകള്‍ നിര്‍മ്മിക്കുന്നത് ഇവിടെ നിന്നാണ്. ബെല്‍മെറ്റല്‍ സഹകരണ സംഘം തകര്‍ച്ചയിലാണ്. രോഗാതുരമായി കൊണ്ടിരിക്കുന്ന പരമ്പരാഗത വ്യവസായങ്ങലെ സംരക്ഷിക്കാന്‍ നാമേറെ പണിപ്പെടേണ്ടി വരും. 
ചരിത്രം 
ചരിത്രാതീതകാലമായി മഹാശില സംസ്ക്കാരത്തിന്റെ ഘട്ടം മുതല്‍ ജനവാസം നിലനില്‍ക്കുന്ന പ്രദേശമാണ് കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തിന്റെ പരിസരപ്രദേശങ്ങളില്‍ കാണുന്ന ശിലാ നിര്‍മ്മിത ഗുഹകള്‍ മഹാശിലായുഗാവശിഷ്ടങ്ങളാണ്. ബി.സി.300നും എ.ഡി.ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും ഇടയ്ക്കാണ് ഈ കാലഘട്ടമെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് ഏഴിമല രാജ്യത്തില്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. പിന്നീട് കോലത്തിരിയുടെ കീഴിലായി. കേരളോല്‍പ്പത്തിയില്‍ പറയുന്ന 32 തുളുഗ്രാമങ്ങളിലൊന്ന് കുഞ്ഞിമംഗലമാണ്. കുഞ്ഞിമംഗലം എന്ന ഗ്രാമപ്പേരുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കുഞ്ഞാങ്ങലം ഇല്ലക്കാരായിരുന്നുവത്രെ ഒരു കാലത്ത് ഈ പ്രദേശത്തെ രണാധികരികള്‍ (കുഞ്ഞാങ്ങലം മനയാണെന്നും അഭിപ്രായമുണ്ട്) ക്രമേണ ആ ഇല്ലത്തില്‍ സന്താനമില്ലാതായി. ഒടുവില്‍ ഒരു അമ്മയും മകനും കാവേരിയിലേക്ക് പോയി. മടക്കാത്തില്‍ ഗാഡിക്കുഴിക്കുന്നിന് മുകളില്‍ നിന്ന് നോക്കിയപ്പോള്‍ ചിറക്കല്‍ തമ്പുരാന്റെ സൈന്യം കുഞ്ഞാങ്ങലം കീഴടക്കി കൊടിപാറിച്ചിരിക്കുന്നതായി കണ്ടു. അമ്മയും മകനും തീയില്‍ ചാടി ആത്മഹത്യ ചെയ്തു. അമ്മ ഉഗ്രമൂര്‍ത്തിയായ ദൈവമായി-വീരചാമുണ്ഡിയായി. മകന്‍ വീരന്‍ ദൈവമായി. വീരചാമുണ്ഡിയും വീരനും ചിറക്കല്‍ കോവിലകം ചുട്ടുപൊടിക്കാന്‍ തുനിഞ്ഞപ്പോള്‍ സര്‍വ്വേശ്വരിയായ മാടായിക്കാവിലച്ചി-തിരുവര്‍ക്കാട്ട് ഭഗവതി തടുത്തു. എന്നിട്ടും കോവിലകത്ത് ദുര്‍നിമിത്തങ്ങള്‍ ഏറെയുണ്ടായി. പ്രശ്ന ചിന്ത നടത്തിയപ്പോള്‍ വീരചാമുണ്ഡിയമ്മയുടെ ആരാധനയ്ക്കായി കുഞ്ഞിമംഗലം മോലോം പണികഴിപ്പിച്ചു. അമ്മയുടെ വലഭാഗത്ത് വീരനും പൂജകളേറ്റു വാങ്ങി. കുഞ്ഞിമംഗലം എന്ന വീട്ട്പേര് നാട്ടുപേരായി. കുഞ്ഞാങ്ങലത്തമ്മയായ വീരചാമുണ്ടി കുഞ്ഞിമംഗലത്തെ നാട്ടുപരദേവതയായി. വീരചാമുണ്ഡിയമ്മയുടെയും തൃപ്പാണിക്കരപ്പന്റെയും മേനി വട്ടമാണ് കുഞ്ഞിമംഗലം. 
ഭരണചരിത്രം
പഴയ ചിറക്കല്‍ താലൂക്കിലെ 76 അംശങ്ങളില്‍ ഒന്നാണ് കുഞ്ഞിമംഗലം. മലബാര്‍ ജില്ലയില്‍ രൂപീകരിക്കപ്പെട്ട പഞ്ചായത്തില്‍ ഒന്നായിരുന്നു ചെറുതാഴം കുഞ്ഞിമംഗലം പഞ്ചായത്ത്. 1962 ല്‍ ഈ പഞ്ചായത്ത് വിഭജിച്ച് കുഞ്ഞിമംഗലം അ​ശത്തിലെ ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിമംഗലം പഞ്ചായത്ത് നിലവില്‍ വന്നത്. 1963 അവസാനം നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1964 ല്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. യു.കുഞ്ഞിരാമന്‍ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട്. കിഴക്ക് ചെറുതാഴം പഞ്ചായത്തിന്റെ ചെറിയ ഭാഗവും അതിരിടുന്നു. നേഷണല്‍ ഹൈവേ, റെയില്‍പ്പാത എന്നിവ കടന്നു പോകുന്ന പ്രദേശം കൂടിയാണ് കുഞ്ഞിമംഗലം. ആരംഭ കാലത്ത് എട്ട് വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന ഈ പഞ്ചായത്തില്‍ ഇപ്പോള്‍ 13 വാര്‍ഡുകള്‍ ഉണ്ട്. നിലവിലുള്ള പ്രസിഡണ്ട് ടി.വി.കൃഷ്ണന്‍ നായരാണ്.
കര്‍ഷകസമര ചരിത്രം 
ജാതി-ജന്മി നാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന സമൂഹത്തില്‍ കൊടിയ ചൂഷണവും തുടര്‍ന്നു വന്നിരുന്നു. അന്ധവിശ്വാസജഡിലമായ സാമൂഹ്യാന്തരീക്ഷത്തില്‍ അടിമകളെപ്പോലെ കഴിഞ്ഞ മനുഷ്യന്‍ ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് ഉണരാന്‍ തുടങ്ങിയത്. ജന്‍മിത്തത്തിനും നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരേ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരഭൂമികള്‍ ഉണരാന്‍ തുടങ്ങി.‌ ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കുഞ്ഞിമംഗലത്തേയും ഉണര്‍ത്തി. ഉത്തര മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായ വിഷ്ണുഭാരതീയനും കെ.എ കേരളീയനും ഈ ഗ്രാമത്തിന്റെ വീര സന്താനങ്ങളാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് തുര്‍ക്കി രാജ്യത്തെ വിഭജിക്കകയും തുര്‍ക്കി സുല്‍ത്താന്റെ മതപരമായ നേതൃത്വത്തെ നിഷേധിച്ചുകൊണ്ട് നടപടികള്‍ എടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മഹാല്‍മജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അലയൊലി ഇങ്ങ് കുഞ്ഞിമംഗലത്തുമെത്തി. കുഞ്ഞിമംഗലം ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി വിഷ്ണു ഭാരതീയനായിരുന്നു. ജാലിയന്‍വാലാബാഗിലെ മൃഗീയമായ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലത്ത് ചേര്‍ന്ന യോഗത്തിലെ മുഖ്യപ്രാസംഗികന്‍ താഴക്കാട്ടുമനയില്‍ ഉണ്ണികൃഷ്ണന്‍ തിരുമുമ്പായിരുന്നു.‍ ജനങ്ങളെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ ബോധവല്‍ക്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മഹാനായിരുന്നു കുഞ്ഞിമംഗലത്തെ കുപ്പാടക്കത്ത് ചന്തുക്കുട്ടി നമ്പ്യാര്‍ എന്ന കെ.സി.നമ്പ്യാര്‍. ഇദ്ദേഹം എ.ഐ.സി.സി.അംഗമായിരുന്നു. കൂര്‍ഗ്ഗില്‍ നിന്ന് അച്ചടിച്ച സ്വതന്ത്രഭാരതം കുഞ്ഞിമംഗലത്തും പരിസരപ്രദേശത്തും പ്രചരിപ്പിക്കന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ശ്രീ.പി.കെ നാരായണപണിക്കരായിരുന്നു 1963ലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം കുഞ്ഞിമംഗലത്തും അനുരണനം സൃഷ്ടിച്ചു. ഇവടെ നടന്ന ക്ഷേത്ര പ്രവേശന വിളംബര യോഗത്തില്‍ ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായരായിരുന്നു കുഞ്ഞിമംഗലത്തെ ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനുവേണ്ടി വലിയ ത്യാഗം സഹിക്കേണ്ടി വന്നു. പള്ളിക്കോല്‍ കുഞ്ഞിരാമന്‍, കൃഷ്ണന്‍ മുമ്ടയാട്ട്, പി.സി.അപ്പുണ്ണി നമ്പ്യാര്‍, എടമന ഗോപാലന്‍, എടമന മാധവന്‍ എന്ന അഗസ്ത്യന്‍ എന്നിവര്‍ ഹരിജനോദ്ധാരണത്തിന് വേണ്ടി ഏത് ത്യാഗവും സഹിക്കാന്‍ തയ്യാറായി ഇറങ്ങിതിരിച്ചവരാണ്. അഗസ്ത്യന്‍ ഇന്നും ജീവിച്ചിരിക്കുന്നു. സ്വാമി ആനന്ദതീര്‍ത്ഥന്റെ പ്രവര്‍ത്തന രംഗം കൂടിയായിരുന്നു കുഞ്ഞിമംഗലം. സ്വാമിക്ക് അതിക്രൂരമായ മര്‍ദ്ധനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വെള്ളുവ കൃഷ്ണന്‍, വെള്ളുവ കുമാരന്‍, എംകണ്ണന്‍, കാവുട്ടന്‍ ഗോപി, എടമന മാധവന്‍, എ.കെ ാനന്ദകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി ഭീകരമായ മര്‍ദ്ദനം സഹിച്ചവരാണ്. 1943-44 കാലഘട്ടത്തില്‍ കോളറ എന്ന മഹാമാരി മലബാറിനെ പിടിച്ചു കുലുക്കി. ആധുനിക ചികില്‍സ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലം, മനുഷ്യര്‍ ഒന്നൊന്നായി ചത്തൊടുങ്ങാന്‍ തുടങ്ങി. അന്ന് ദൈവദൂതനെപ്പോലെ ഒരാളം‍ മലബാറിലെ നാട്ടിടങ്ങളില്‍ക്കൂടി ഓരൊ കുടിലിലും ആശ്വാസവാക്കുമായി എത്തി. സൗജന്യ വൈദ്യസഹായം നല്‍കി പലരേയും മരണക്കയത്തില്‍ നിന്ന് രക്ഷിച്ചു. അത് കുഞ്ഞിമംഗലത്തിന്റെ വീരസന്താനമായ വി.ആര്‍.നായനാരായിരുന്നു. യുദ്ധക്കെടുതിയിലും വെള്ളപ്പൊക്ക കെടുതിയിലും ജനങ്ങളോടൊപ്പം നയനാരുണ്ടായിരുന്നു. കോഴിക്കോട്ടും പൊന്നാനിയിലും ധര്‍മ്മടത്തും പഴയങ്ങാടിയിലും അനാഥ മന്ദിരങ്ങള്‍ സ്ഥാപിച്ച് അഗതികളായ പിഞ്ചുകുഞ്ഞുങ്ങളെ അദ്ദേഹം പുനരധിവസിപ്പിച്ചു. ഹരിജനോദ്ധാരണം അദ്ദേഹത്തിന് ജീവിതപ്രതമായിരുന്നു. നൂല്‍നൂല്‍ക്കാനും, കയര്‍ പിരിക്കാനും, പായ നെയ്യാനും പരിശീലിപ്പിക്കുന്ന കൈക്കൊഴില്‍ പരിശിലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് തൊഴിലില്ലായ്മയ്ക്കും ദാരിദ്രത്തിനുമെതിരെ പടപൊരുതാനും മുന്നിട്ടിറങ്ങിയ മഹാന്റെ പ്രവര്‍ത്തനം നമുക്ക് മാതൃകയാക്കേണ്ടതാണ് കുഞ്ഞിമംഗലം ജമാ-അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ക്ഷയവും കോളറയും നാടടക്കി വാഴുന്ന കാലം. തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് പരിയാരം ടി.ബി.സാനിറ്റോറിയത്തില്‍ എത്തുന്ന രോഗികളില്‍ പലരും ഒരു ഘട്ടത്തില്‍ ബന്ധുക്കളാല്‍ കയ്യൊഴിക്കപ്പെട്ടിരുന്നു. സാനിറ്റോറിയത്തില്‍ അനാഥമായിക്കിടന്ന ശവശരീരങ്ങള്‍ കുഞ്ഞിമംഗലം ജമാ-അത്തിന്റെ ശവപ്പറമ്പില്‍ എത്തിച്ച് സംസ്ക്കരിക്കുന്നതില്‍ ജ.അബദുള്‍ അസീസ് മൗലവിയുടെ നേതൃത്വത്തില്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് നടന്നത്. രണ്ടും മൂന്നും ദിവസം പഴകിയ ശവശരീരം ചുമലിലേറ്റി പരിയാരത്ത് നിന്ന് കുഞ്ഞിമംഗലത്തേക്ക് നടന്നെത്തിയ വളണ്ടിയര്‍മാരുടെ സേവനത്തെ എത്ര പ്രകീര്‍ത്തിച്ചാലാണ് മതിയാവുക. സര്‍വ്വോദയത്തിന്റെ സന്ദേശവുമായി ജയപ്രകാശ് നാരായണന്‍ കേരളത്തില്‍ വന്നപ്പോള്‍ കുഞ്ഞിമംഗലത്തും വന്നിട്ടുണ്ട്. കൂടെ പ്രഭാവതി ദേവിയുമുണ്ടായിരുന്നു. ഇന്നത്തെ കുഞ്ഞിമംഗലം ഗവ.ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് അന്ന് യോഗം നടന്നത്. 1944-45 കാലത്ത് കള്ളപ്പറ തുടങ്ങിയ ജന്‍മിത്തത്തിന്റെ അക്രമ പിരിവുകള്‍ക്കെതിരായ പ്രക്ഷോഭം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിമംഗലത്തും നടക്കുകയുണ്ടായി. 1951ല്‍ ആദ്യത്തെ വിദ്യാര്‍ത്ഥി സമരം ഗോപാല്‍ യു.പി.സ്ക്കൂളില്‍ നടന്നു. 1954ല്‍ മറുപാട്ടം പൊളിച്ചെഴുത്തിനെതിരെയും കൃഷി ഭൂമിയില്‍ നിന്ന് കര്‍ഷകനെ ഒഴിപ്പിക്കുന്നതിനെതിരെയുമുള്ള സമരം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും നേതൃത്വത്തില്‍ നടന്നു. കിഴക്കെ പാണയില്‍ നിന്ന് ചാലില്‍ കണ്ണന്‍ നായരെ വാരം പാട്ടം ബാക്കിയുടെ പേരില്‍ ഒഴിപ്പിക്കാന്‍ ജന്‍മി മഞ്ഞേരി മയിപ്പാടി കുടുംബം കോടതി വിധി സമ്പാദിച്ചു. ആമീനെയും കൂട്ടി പാണയിലെത്തിയ ജന്‍മി കണ്ടത് തമ്പാന്‍ വൈദ്യരുടെയും മാമ്പറ്റ ബാലന്റെയും നേതൃത്വത്തില്‍ കര്‍ഷകസംഘത്തിന്റെ ഒരു ജാഥ പാണയിലേക്ക് കുതിക്കുന്നതാണ്. ജന്‍മിയും ആമീനും അക്ഷരാര്‍ത്ഥത്തില്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. അതുപോലെ കര്‍ഷക കര്‍ഷകത്തൊഴിലാളി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 1970 ജനുവരി ഒന്നാം തീയതി നടന്ന കുടികിടപ്പു സമരം എടുത്തു പറയേണ്ടതാണ്. 1948 ല്‍ കര്‍,ഷക സംഘം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ വേട്ടയാടാന്‍ സാമുവല്‍ ആറോന്റെ ഗുണ്ടകള്‍ കുഞ്ഞിമംഗലത്തിറങ്ങി. പി.വി.ശ്രീധരന്‍, പടോളി കണ്ണന്‍, മത്ത്യാരി കുഞ്ഞപ്പു, തുന്നല്‍ക്കാരന്‍ കുഞ്ഞിരാമന്‍, ഖാന്‍ അബാസ്, കുതിരമ്മല്‍ കേളന്റെ ചവിണ്യന്‍, വരയില്‍ കൃഷ്ണന്‍, പി.വി.കരുണന്‍, പുതിയ പുരയില്‍ കൃഷ്ണന്‍, കിഴക്കെ പുരയില്‍ കുമാരന്‍ എന്നീആളുകള്‍ക്ക് ഭികരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. അക്രമികളെ പിന്തിരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത് മഞ്ചക്കല്‍ ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ആയിരുന്നു. അതുപോലെ ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിന്റെ പേരില്‍ കൊടിയ മര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന ഒരാളാണ് തായമ്പത്ത് കുഞ്ഞിക്കണ്ണന്‍ 1953 മുതല്‍ ജനാധിപത്യ യുവക് സംഘം എന്ന പേരില്‍ ഒരു യുവജനസംഘം കുഞ്ഞിമംഗലത്തി പ്രവര്‍ത്തിച്ച് വന്നിരുന്നു. ഈ സംഘം ശ്രമദാനം വഴി ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചാ ക്ലാസുകള്‍ നടത്തുകയും ചെയ്തിരുന്നു. യുവക് സംഘത്തിന്റെ സെക്രട്ടറി സി.വി.ദാമോദരനും പ്രസി‍ഡണ്ട് മാമ്പറ്റ ബാലനും ആയിരുന്നു. ഒരു കൊച്ചു ഗ്രന്ഥാലയവും ഈ സംഘം നടത്തി . 1955 വരെ ഈ സംഘം പ്രവര്‍ത്തിച്ചു. 1955 വരെ ഈ സംഘം പ്രവര്‍ത്തിച്ചു.‌ കര്‍ഷക സംഘം കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ആശയപരമായി ആയുധമണിയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച് താത്വികാചാര്യനായിരുന്നു സി.പി.നാരായണന്‍ നമ്പ്യാര്‍. അദ്ദേഹത്തിനോടൊപ്പം സംഘം പ്രവര്‍ത്തനത്തിന് സി.കണ്ണന്‍, യു.കുഞ്ഞിരാമന്‍ തുടങ്ങിയവരും ഇണ്ടായിരുന്നു. കുഞ്ഞിമംഗലത്തെ ജനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മറ്റൊരു വ്യക്തി ടി.പി.അബ്ദുള്‍ കാദറാണ്. (സത്ത്) ആണ്ടാംകൊവ്വലില്‍ നിന്ന് കൊവ്വപ്പുറത്തേക്കുള്ള റോഡുപണി അബ്ദുള്‍ കാദറിന്റെ നേത്ൃത്വത്തിലാണ് നടന്നത്. വലിയ എതിര്‍പ്പ് നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് അദ്ദേഹം. പ്രഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഇദ്ദേഹം നിരന്തരമായ വായനക്കും പഠനത്തിനും സമയം കണ്ടെത്തി. ഇ.കെ.നമ്പ്യാര്‍, കെ.ജി.മല്ലര്‍, എം.ഇ.പരമേശ്വരന്‍ നമ്പൂതിരി, മുണ്ടയാടന്‍ കൃഷ്ണന്‍ നമ്പ്യാര്‍, വി.പി.അസിനാര്‍, പി.കെ നാരായണപ്പണിക്കര്‍, പി.കെ ഗോപാലകൃഷ്ണന്‍നമ്പ്യാര്‍, ചെറാട്ട് എം.പി.കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലയില്‍ ഗ്രാമത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ സേവനമനുഷ്ടിച്ചവരാണ്. ശ്രമദാനം വഴി ഈ ഗ്രാമത്തില്‍ എത്രയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ് തെക്കുമ്പാട് ഭാഗത്തെ എരങ്ങാട് ബണ്ട് നിര്‍മ്മാണം. 1957 ല്‍ തെക്കേ വയലില്‍ ഉപ്പുവെള്ളം കയറുന്നതിനെതിരെ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിപൂര്‍ണ്ണ ജന പങ്കാളിത്തത്തോയെയാണ് ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തമ്പാന്‍ വൈദ്യര്‍ നേതൃത്വം കൊടുത്തു. എടനാട് കൊള്ളാളി ബണ്ട് ആദ്യം നിര്‍മ്മിച്ചതും ശ്രമദാനമായിട്ടായിരുന്നു. ജന്മിത്വത്തിനെതിരായ അതിരൂക്ഷമായ സമരം സ്വാതന്ത്ര്യത്തിന് ശേഷവും നടന്നു. ക്രമേണ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും രൂപം കൊണ്ടു. 1957 മുതല്‍ 1971 വരെയുള്ള കാലങ്ങളില്‍ വിവിധ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ രൂപം കൊണ്ടു. ഭൂപരിഷ്ക്കരണം നാടിന്റെ മുഖച്ഛായ മാറ്റി. ജന്മിത്വം അപ്രത്യക്ഷമായി. 1951 ല്‍ 10 ശതമാനം പേര്‍ക്ക് പോലും കൃഷി ഭൂമി സ്വന്തമായുണ്ടായിരുന്നില്ല. ഭൂപരിഷ്ക്കരണത്തിലൂടെ 1000ത്തോളം കുടിയാന്‍മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഈഗ്രാമത്തില്‍ സ്വന്തമായി ഭൂമി ലഭിച്ചു. ഭൂവുടമ ബന്ധങ്ങളില്‍ വന്ന മാറ്റം സവര്‍ണ്ണ മേധാവിത്വത്തിന്റെ അടിത്തറ ഇളക്കി. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആത്മവിശ്വാസം വര്‍ദ്ധിച്ചു. തൊഴിലാളിയുടെ വിലപേശല്‍ കഴിവ് ഉയര്‍ന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡ് ഹിന്ദു എലിമെന്റിറി സ്ക്കൂള്‍ (ഇന്നത്തെ ഗവ.സെന്‍ട്രല്‍ യു.പി.സ്ക്കൂള്‍) ഗവ.എല്‍.പി.സ്ക്കൂള്‍, ശ്രീ.സി.വി.ഗോപാലന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഗോപാല്‍ യു.പി.സ്ക്കൂള്‍, പിലാങ്കു മാസ്റ്ററുടേയും മകന്‍ രാഘവന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട എടനാട് വെസ്റ്റ് എല്‍.പി.സ്ക്കൂള്‍, കുതിരുമ്മല്‍ കോരന്‍ മാസ്റ്റര്‍ സ്ഥാപിച്ച എടനാട് ഈസ്റ്റ് എല്‍.പി. സ്ക്കൂള്‍, വി.വി.ചിണ്ടന്‍ കുട്ടി നായനാരുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട എടനാട് യു.പി.സ്ക്കൂള്‍ എന്നീ വിദ്യാദാന കേന്ദ്രങ്ങള്‍ നാടിന്റെ മുഖച്ഛായ തന്നെ മാറ്റി. സവര്‍ണ്ണന്റെയും അവര്‍ണ്ണന്റെയും അധ.കൃതന്റെയും കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കാന്‍ തുടങ്ങി. ഈ ഗ്രാമത്തിലെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി കുഞ്ഞിമംഗലം ഗവ.ഹൈസ്ക്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് പയ്യന്നൂര്‍ കോളേജ് സ്ഥാപിക്കപ്പെട്ടു.

No comments:

Post a Comment